സ്ഥാപന ചരിത്രം

ചേളന്നൂര്‍

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍ ബ്ളോക്ക് പരിധിയില്‍ ചേളന്നൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 23.81 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കാക്കൂര്‍തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍തെക്ക് കക്കോടികുരുവട്ടൂര്‍ പഞ്ചായത്തുകള്‍പടിഞ്ഞാറ് തലക്കുളത്തൂര്‍കക്കോടി പഞ്ചായത്തുകള്‍കിഴക്ക് മടവൂര്‍കാക്കൂര്‍കുരുവട്ടൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. സാമൂതിരിമാരുടെ ആസ്ഥാനം എന്ന പേരില്‍ പ്രശസ്തമാണ് കോഴിക്കോട്. കുരുമുളക്ആനക്കൊമ്പ്സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ചൈനക്കാര്‍ പതിനാലാം നൂറ്റാണ്ടിലും അറബികള്‍ അതിനു മുമ്പും കോഴിക്കോടുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു. അക്കാലത്തെ വ്യാപാര ബന്ധങ്ങളില്‍ നിന്നും ഉരുതിരിഞ്ഞ ഒരു സംസ്കാരം ഇന്നും കോഴിക്കോടില്‍ നിലനില്‍ക്കുന്നുണ്ട്. പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ പ്രദേശമാണ് ഇന്നത്തെ ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്. പഴയ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ചേവായൂര്‍ ഫര്‍ക്കയിലായിരുന്നു ചേളന്നൂര്‍ ഉള്‍പ്പെട്ടിരുന്നത്. 16/12/1963-ലാണ്  ചേളന്നൂര്‍ പഞ്ചായത്ത് രൂപീകൃതമായത്. അത്തോളി മുത്തോറന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രസിഡന്റ്.  പഞ്ചായത്ത് ഓഫീസ്: പഞ്ചായത്ത് ഓഫീസ് സ്വന്തം കെട്ടിടത്തിലാണ് 13-7-68 മുതൽ പ്രവർത്തിച്ചുപോരുന്നത്. ഇതിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ. ജോസഫ് ആയിരുന്നു. അതിനുമുമ്പുവരെ ചേളന്നൂർ 8/2-ലെ പൊക്കാളി കുഞ്ഞിക്കണാരൻ്റെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് ബോർഡ് അംഗമായിരുന്ന ശ്രീ. തിരുവോത്ത് മുത്തോറൻ സംഭാവന നൽകിയ സ്ഥലത്താണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള ഭൂസ്വത്തുക്കളുടെ ഉടമകള്‍ കേവലം വിരലുകളില്‍ എണ്ണാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഭൂപരിഷ്കരണത്തിന്റെ ഫലമായി ഇന്ന് കൃഷിഭൂമി കൃഷിക്കാരനും കര്‍ഷകതൊഴിലാളിക്കും ലഭിച്ചിരിക്കയാണ്. സ്വാതന്ത്ര്യലബ്ധിയ്ക്ക് വളരെമുമ്പുതന്ന ചേളന്നൂര്‍ പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കണ്ണങ്കരഇച്ചന്നൂര്‍മുതുവാട്ഇരുവള്ളൂര്‍ എന്നിവിടങ്ങളില്‍ എഴുത്തുപള്ളികള്‍ ഉണ്ടായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ അമ്പലത്തുകുളങ്ങരയ്ക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന മഠത്തില്‍ സ്കൂള്‍ ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം.

വിദ്യാഭ്യാസ ചരിത്രം

നാട്ടെഴുത്തച്ഛന്മാരുടെ കാര്‍മ്മികത്വത്തിലുള്ള എഴുത്തുപള്ളിക്കൂടങ്ങളില്‍ക്കൂടിയാണ് ഗ്രാമീണജനത ആദ്യമായി അക്ഷരാഭ്യാസം നേടിയിരുന്നത്. മുത്താട്ട് രാമന്‍കുട്ടി വൈദ്യര്‍, എടോത്ത് ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍ എന്നിവരായിരുന്നു ആശാന്മാരില്‍ ചിലര്‍. ഹരിജനങ്ങളുടെ കുട്ടികള്‍ക്കായി വിദ്യാഭ്യാസം നേടാന്‍ പഞ്ചായത്തില്‍ മുതുവാട്ട് (പാലത്ത്) ലേബര്‍ സ്ക്കൂള്‍ വളരെ മുമ്പുതന്നെ പ്രവര്‍ത്തിച്ചിരുന്നു. അതാണിന്നത്തെ വെല്‍ഫെയര്‍ സ്ക്കൂള്‍. ഹരിജനോദ്ധാരണ പ്രവര്‍ത്തകരായിരുന്ന തനീറ മാസ്റ്റര്‍, പി.കൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ അധ്യാപകരായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ആരംഭിച്ച ആദ്യകാല വിദ്യാലയം മഠത്തില്‍ സ്ക്കൂള്‍ (ചാലിയാടത്ത്) ആണ്. അതാണ് ഇന്നത്തെ ചേളന്നൂര്‍ ഗവ:എല്‍.പി.സ്ക്കൂള്‍. 1957-ല്‍ വന്ന കക്കോടി ഹൈസ്ക്കൂള്‍ ഇന്ന് എ.കെ.കെ.ആര്‍. ഹൈസ്ക്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 1968-ല്‍ ശ്രീനാരായണഗുരു കോളേജ് സ്ഥാപിതമായി. 1957-ന് മുമ്പ് പഞ്ചായത്തില്‍നിന്നും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനായി എലത്തൂര്‍, നന്മണ്ട, പയിമ്പ്ര എന്നിവിടങ്ങളിലേക്കായിരുന്നു കുട്ടികള്‍ പോയിരുന്നത്. 1957-ല്‍ പഞ്ചായത്തില്‍ ആദ്യത്തെ ഹൈസ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടു. അന്ന് ഇതിന്റെ പേര് കക്കോടി ഹൈസ്കൂള്‍ ചേളന്നൂര്‍ എന്നായിരുന്നു. പിന്നീട് ഇത് എ.കെ.കെ.ആര്‍ ഹൈസ്ക്കൂള്‍ എന്നറിയപ്പെട്ടു.

സാംസ്കാരിക ചരിത്രം

പുരാതനമായ ഒരു സാംസ്കാരിക പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. ക്ഷേത്രങ്ങളോടനുബന്ധിച്ച് പുരാതന കലാരൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. പഞ്ചായത്തിലെ ശ്രീ പോഴിക്കാവ് പരദേവത ക്ഷേത്രം, ശ്രീ വെള്ളൂര്‍ പരദേവതാ ക്ഷേത്രം, ഊട്ടുകുളം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാട്ടും കളമെഴുത്തും നടത്തിയിരുന്നു. മുതുവാട് നാഗകാളി ക്ഷേത്രം, പാറപ്പുറത്ത് ക്ഷേത്രം, ആലങ്കോട്ട് ക്ഷേത്രം എന്നിവിടങ്ങളില്‍ നാഗപ്പാട്ടുത്സവം നടത്തിയിരുന്നു. ആഞ്ഞോടി, വേങ്ങാട്, മണ്ണാറക്കന്‍ കുടുംബാംഗങ്ങള്‍ തെയ്യം കലാകാരന്മാരായിരുന്നു. കളരി പയറ്റില്‍ മഹത്തായ പാരമ്പര്യത്തിനുടമകളായിരുന്നു കേളോത്ത് കൊളത്തോറത്ത് വെള്ളയാറ കുടുംബാംഗങ്ങള്‍. പുരാതനമായ ഒരു മുസ്ളീം പള്ളി ഈ പഞ്ചായത്തിന്റെ തെക്കുഭാഗത്ത് ഇന്നു നിലനില്‍ക്കുന്നുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെകൂടി ഭാഗമായിരുന്ന സാമൂഹ്യ പരിവര്‍ത്തന പ്രവര്‍ത്തന പരിശ്രമങ്ങളുടെ ഫലമായി പഞ്ചായത്തില്‍ ആദ്യമായി രൂപംകൊണ്ട വായനശാലയായിരുന്നു ഒളോപ്പാറ ഭാഗത്തെ ഗ്രാമീണ വായനശാല. കലാരംഗത്ത് ഒട്ടനവധി പ്രതിഭകള്‍ പഞ്ചായത്തില്‍ നിന്നും ഉയര്‍ന്നുവരികയുണ്ടായി. ഗായകനും സംഗീതവിദഗ്ദ്ധനുമായിരുന്ന ചേളന്നൂര്‍ സുകുമാരന്‍, ചിത്രകാരനും അദ്ധ്യാപകനുമായ ഗോവിന്ദന്‍ കുട്ടിമാസ്റ്റര്‍, 1979-80-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടക നടിക്കുള്ള അവാര്‍ഡ് നേടിയ രത്നമ്മ മാധവന്‍, കഥകളി നാട്യരംഗത്ത് പേരെടുത്ത കലാമണ്ഡലം സത്യവ്രതന്‍ എന്നിവര്‍ ഈ പഞ്ചായത്തിന്റെ സംഭാവനകളാണ്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളിലൊന്നായ മാസ്-കോഴിക്കോടിന്റെ ആസ്ഥാനം ചേളന്നൂരിലെ പെരുമ്പൊയില്‍ ആണ്. അമ്പലത്തുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകലാലയത്തില്‍ സംഗീതം, ശാസ്ത്രീയ നൃത്തം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.